കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലി എക്യുമെനിക്കൽ സംഗമം സംഘടിപ്പിച്ചു, ഐക്യവും സംഭാവനകളും അനുസ്മരിച്ചു
കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ എക്യുമെനിക്കൽ സംഗമം ക്രൈസ്തവ സഭകളുടെ കൂട്ടായ്മ വേദിയായി. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെന്ററിൽ നടന്ന സുവർണ്ണ ജൂബിലി എക്യുമെനിക്കൽ സംഗമത്തോടൊപ്പമുള്ള നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് സമ്മേളനം, എക്യുമെനിക്കൽ കമ്മറ്റി സമ്മേളനം എന്നിവയും നടന്നു. വിവിധ സഭകൾ ചേർന്ന് പള്ളി നിർമ്മിച്ച് ദൈവാരാധന നടത്തുന്ന പ്രഥമ എക്യുമെനിക്കൽ പള്ളിയായ നിലയ്ക്കൽ എക്യുമെനിക്കൽ പള്ളിയുടെയും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെയും രൂപീകരണത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെയും മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെയും അതുല്യമായ പങ്കാണ് സ്നേഹപൂർവ്വം അനുസ്മരിച്ചതെന്ന് നിലയ്ക്കൽ ട്രസ്റ്റ് പ്രസിഡന്റും മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ മോസ്റ്റ് റവ. ഡോ. തെയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷൻമാരുടെ സംഗമത്തിന് വേദിയാകാൻ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് സാധിച്ചതിലുള്ള കൃതജ്ഞത കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.


