ട്രാഫിക് നിയമലംഘനത്തിന് വിദ്യാർത്ഥികൾക്കെതിരെ എംവിഡി കർശന നടപടി
ട്രാഫിക് നിയമലംഘനത്തിന് വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) കർശന നടപടി സ്വീകരിച്ചു. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അപകടകരമായി യാത്ര ചെയ്ത അഞ്ച് വിദ്യാർഥികളെ എംവിഡി പിടികൂടി. ഒരേ ഇരുചക്രവാഹനത്തിൽ അഞ്ചുപേർ യാത്ര ചെയ്തതിന് 1,000 രൂപ പിഴ ചുമത്തുകയും ഹെൽമെറ്റ് ധരിക്കാത്ത മൂന്ന് വിദ്യാർഥികൾക്ക് വീതം 500 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. ആകെ 2,500 രൂപയാണ് പിഴയായി ഈടാക്കിയത്. ഇൻഫോപാർക്ക് എക്സ്പ്രസ് വേയിൽ വാഹന പരിശോധനയ്ക്കിടെ നിയമവിരുദ്ധമായി സൈലൻസർ രൂപമാറ്റം വരുത്തിയ ഒരു സ്വകാര്യ കോളേജ് വിദ്യാർഥിക്കെതിരെയും നടപടി സ്വീകരിച്ചു. അനധികൃത രൂപമാറ്റത്തിന് 12,000 രൂപ പിഴ ചുമത്തി. സൈലൻസറിൽ മാറ്റം വരുത്തി അമിതശബ്ദത്തോടെ വാഹനം ഓടിക്കുന്നതിനെക്കുറിച്ച് നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് കോതാട് സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നോട്ടീസും കൈമാറി.


