കോട്ടയം ജില്ലയിലെ 27 കോളേജുകളിൽ SFI വിജയം; 15 കോളജുകളിൽ KSU വിജയം; പാലാ സെന്റ് തോമസിൽ KSU-ക്ക് ഹാട്രിക് വിജയം
കോട്ടയം ജില്ലയിലെ 27 കോളേജുകളിൽ വിജയം നേടിയതായി എസ്എഫ്ഐ അവകാശപ്പെട്ടു. 15 കോളജുകളിൽ വിജയം നേടിയെന്ന് കെഎസ്‌യുവും അവകാശപ്പെട്ടു. മാന്നാനം കെഇ, പാലാ സെന്റ് തോമസ്, കോട്ടയം ബസേലിയസ്, കുറവിലങ്ങാട് ദേവമാതാ, ചങ്ങനാശേരി എസ്ബി, സെന്റ് ഡൊമിനിക്‌സ് ലോ കോളജ് കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രധാന കലാലയങ്ങളിൽ ഉൾപ്പെടെ വിജയം നേടിയതായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാം, സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയി, ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ടി.വർഗീസ് എന്നിവർ പറഞ്ഞു. കഴിഞ്ഞ വർഷം കെഎസ്‌യു പിടിച്ചെടുത്ത കോട്ടയം സിഎംഎസ് കോളജിൽ ഒന്നൊഴികെ സീറ്റുകൾ നേടി തിരിച്ചുവരവ് നടത്തിയതായി എസ്എഫ്ഐ പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ്, മുരിക്കുംവയൽ ശ്രീശബരീശ, കാണക്കാരി സിഎസ്ഐ ലോ കോളജ്, ഏറ്റുമാനൂർ ബിഎഡ് കോളജ്, മേലുകാവ് ഹെൻറി ബേക്കർ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാ സീറ്റും നേടിയതായി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അസ്ലം മുഹമ്മദ് കാസിം, സെക്രട്ടറി രാഹുൽ രാജേന്ദ്രൻ എന്നിവർ പറഞ്ഞു.

